Monday, October 20, 2008

രാതമ്മ ഭാഗം - 2

ഏപ്രില്‍ മാസത്തിലെ ചൂടില്‍ പവര്‍ കട്ട് സമയത്ത് രാത്രി വീട്ടില്‍ വന്നു കയറിയാലത്തെ അവസ്ഥ അറിയാന്‍ മേലെ? ആവിയും പരവേശവും കാരണം രണ്ടു കസേരേം വലിച്ചു പുറത്തേക്കിട്ടു ഇത്തിരി കാറ്റു കിട്ടിയാല്‍ കൊള്ളാനായി ഇങ്ങനെ ഒരു കസേരയിലേക്ക് കാലും നീട്ടി വച്ചു മറ്റേ കസേരയില്‍ ഇരിക്കുകയായിരുന്നു. അപ്പോളാണ് മറ്റേ , മിന്നലെയിലെ വസീഗര യുടെ ഹമ്മിംഗ് എന്റെ കാതിലേക്ക് ഒരു നേര്ത്ത ശബ്ദത്തില്‍ അലയടിച്ചത് . അതിലങ്ങനെ ലയിച്ചിരിക്കെ പെട്ടന്നാണ് ഒരു അമ്പരപ്പോടെ ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞത് ... മൂളിപ്പാട്ട് കേള്‍ക്കുന്നത് എന്റെ അടുത്ത് എവിടെയോ നിന്നാണ്.
മൊബൈലിന്റെ ചെറിയ വെട്ടത്തില്‍ ഒന്നു പരതി നോക്കിയെന്കിലും ഒന്നും മനസിലായില്ല. ഇതിനിടക്ക്‌ പാട്ടുകള്‍ പലതും മാറിക്കൊണ്ടിരുന്നതല്ലാതെ എനിക്കാളെ മാത്രം പിടികിട്ടിയില്ല. എനിക്കനെന്കില്‍ കാര്യം നല്ല ധൈര്യം ഒക്കെ ഉണ്ടെന്‍കിലും ,ഈ ഇരുട്ടതൊക്കെ പെണ്‍ശബ്ദം കേട്ടാല്‍ ഒരു ഏതാണ്ട് പോലെയാണ് . രോമമൊക്കെ ഒരു മാതിരി വടി പോലെ ഇങ്ങു എണീറ്റ്‌ വന്നാല്‍ പിന്നെ ഒന്നു താഴാന്‍ കുറെ മിനക്കെടെണ്ടി വരും.
ഞാന്‍ വീട്ടില്‍ എല്ലാരോടും പറയുന്നതാ ഇതുക്കൂട്ടു പ്രേത സീരിയലൊന്നും വെക്കരുതെന്ന് . അത് കേള്‍ക്കില്ല .എന്നാല്‍ ഈ മുടിഞ്ഞ ചാനലുകാര്‍ക്ക് ഇതു വെക്കതിരുന്നു കൂടെ? ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടീട്ട്‌. അല്ല ,ഇതിലൊന്നും ഒരു സത്യവും ഇല്ല , എന്നാലും ഇരുട്ടത്ത്‌ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഇങ്ങനെ ഒക്കെ കേട്ടാല്‍ ആരെങ്കിലും ഒക്കെ അടുത്ത് വേണം എന്നൊരു മോഹം. പേടിച്ചിട്ടൊന്നുമല്ല, എന്നാലും വെറുതെ ഇരിക്കട്ടെ , അവര്‍ക്കൊരു ധൈര്യത്തിന്.
അങ്ങനെ കള്ളിയങ്കാട്ടു നീലിയും , വെട്ടുകാട്ടില്‍ സൂസിയും ഒക്കെ വെള്ള സാരി ഒക്കെ ഉടുത്തു ഒരുമാതിരി ചിരിയും ചിരിച്ചു എന്റെ മനസ്സില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. പണ്ടാരമടങ്ങാന്‍ ആ ഷാജി ഒട്ടു വരുന്നുമില്ല. നെഞ്ചിനകത്തും പുറത്തും ഒരു പോലെ ഉഷ്ണം ആയപ്പോലെക്കും ഞാന്‍ ആകെ ഉരുകി ഒലിക്കാന്‍ തുടങ്ങി.
ഞാന്‍ മൊബൈലില്‍ തെരുതെരെ സമയം നോക്കുന്നതല്ലാതെ, നോക്കുന്ന സ്പീഡില്‍ സമയം നീങ്ങുന്നില്ല. പണ്ടു തോമസ് ചേട്ടന്‍ റോഡ് ലൈന്‍സ് ബസ് ഓടിക്കുന്നത് പോലെ സമയം ഇഴഞ്ഞു നീങ്ങുന്നത്തെ ഉള്ളു. ഒരു രക്ഷയും ഇല്ലതായപ്പോ വെറുതെ ഒരു നേരമ്പോക്കിന് എത്രയും ദയയുള്ള മാതാവേ, ഉറക്കെ ചെല്ലിയേച്ചു. പാട്ടായിട്ടു ഉറക്കെ പാടാന്‍ ആണ് ഉദ്ദേശിച്ചതെങ്കിലും "സങ്ങതികള്‍" ഒന്നും പുറത്തു വരുന്നില്ല , പകരം ഞരക്കം മാത്രം.
ഹമ്മേ!!! ഒടുവില്‍ കറന്റ് വന്നു. അപ്പോളും പാട്ട് നിന്നിട്ടില്ല. പക്ഷെ ആരെയുമോട്ടു കാണാനുമില്ല .വെട്ടം വന്നു കണ്ടപ്പോളത്തെ ആശ്വസമൊക്കെ പതുക്കെ തിരിച്ചു പോവാന്‍ തുടങ്ങി. ഞാന്‍ ഇരിക്കുമ്പോ , നടക്കുമ്പോ , ഒക്കെ എന്റെ ചെവിയിലേക്ക് ആ സംഗീതം അലയടിക്കുകയാണ് . ഞാന്‍ ഇടത്തേക്ക് നോക്കുമ്പൊ വലത്തു നിന്നും ,വലത്തു നോക്കുമ്പൊ ഇടത്ത് നിന്നും കേള്‍ക്കും. ഞാന്‍ ഇങ്ങനെ ഇടത്തേക്കും വലത്തേക്കും മുന്നോട്ടും നടന്നു എന്റെ പിടി വിടും എന്നായപ്പോ ഞാന്‍ ഓര്‍ത്തു വീടിനു പുറത്തിറങ്ങി കാറ്റ് കൊള്ളുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.

അങ്ങനെ ഞാന്‍ എന്റെ പച്ച കാലന്‍ കുടയും നീട്ടി വീശി " അടുക്കരുത് തമിഴത്തി ... ഞാന്‍ മോശക്കാരനുക്ക് മോശക്കാരന്‍ " എന്നൊക്കെ പറഞ്ഞു പിന്തിരിഞ്ഞു സ്റ്റെപ്പ് ഇറങ്ങിക്കൊണ്ടിരിക്കെ എന്റെ ഷാജിമോന്‍ ( റൂം മേറ്റ്‌) എത്തി. എന്റെ കുടയും വീശി ഉള്ള നിപ്പു കണ്ടപ്പോ അവനും ഒന്ന് ഞെട്ടി. എന്നിട്ട് ചോദിച്ചു... നിനക്കിതെന്നതിന്റെ കഴയാടാ? .....
ഓര്‍ക്കാപ്പുറത്ത് ഒച്ച കേട്ട് ഞെട്ടി , കുടയും വീശി അലറിക്കൊണ്ട്‌ തിരിഞ്ഞപ്പോലാണ് അത് ഷാജി ആണ് എന്നറിഞ്ഞത് . കാര്യം ഒന്ന് ചമ്മിയെന്കിലും ഒരു സമാധാനം ആയി. സൂസിയും നീലിയും ഒക്കെകൂടി വന്നാലും ഞാന്‍ ഒറ്റക്കല്ലല്ലോ. പണി കിട്ടിയാല്‍ അവനും കൂടി കിട്ടുമല്ലോ . കാര്യങ്ങള്‍ ഒക്കെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു കേള്‍പ്പിച്ചു. ഒക്കെ കേട്ട് കഴിഞ്ഞപ്പോള്‍ അവനും ചെവിയോര്‍ത്തു, അപ്പോള്‍ ശരിയാണ് , അവനും കേള്‍ക്കാന്‍ പറ്റുന്നുണ്ട് ....നല്ല ഈണത്തിലുള്ള ആ സംഗീതം .

പെട്ടന്നാണ് കൈയും വീശി ക്കൊണ്ട് അവന്‍ എന്റെ നേരെ പാഞ്ഞടുത്തത് ........

തുടരും ........



No comments: