Thursday, December 31, 2009

ഒരുപാട് അങ്കങ്ങള്‍ക്കു ശേഷം 2009 വിട പറയുകയാണ്‌. നേടിയ വിജയങ്ങളുടെ ചുവടു പിടിച്ചു വീണ്ടും മുന്നേറാനും,നേരിട്ട പരാജയങ്ങളില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ചു, തിരുത്തി , മുന്നേറാനും ഒക്കെ ആയി ഇനി നമ്മുടെ മുന്നില്‍ 2010 .

കിട്ടിയ അവസരങ്ങള്‍ക്ക് നന്ദി പറയാനും, ഉപയോഗിക്കാതെ, അവശേഷിപ്പിച്ച അവസരങ്ങളെ കുറിച്ച് മാപ്പ് ചോദിക്കാനുമുള്ള സമയം. ഇനി വരും വര്ഷം ലഭിക്കുന്ന അവസരങ്ങളെ പൂര്‍വാധികം ശക്തിയോടെ, ആവേശത്തോടെ, മികവോടെ, ഉപയോഗിക്കാനുള്ള പ്രാപ്തിക്കായി സര്‍വ്വശക്തനോട് പ്രാര്‍ഥിക്കാനുള്ള സമയം.

വരവേല്‍ക്കാം നമുക്ക് 2010നെ, ഏറ്റവും സന്തോഷത്തോടെ,നിറഞ്ഞ മനസ്സോടെ,ഒത്തിരി പ്രതീക്ഷയോടെ... സ്നേഹത്തിലും, സാഹോദര്യത്തിലും, ചുവടുറപ്പിച്ചു,പരസ്പരം അറിഞ്ഞും, സഹകരിച്ചും മുന്നേറുന്ന, സമ്പല്‍സമൃദ്ധമായ ഒരു ലോകവ്യവസ്ഥിതിയെ സമ്മാനിക്കാന്‍ പ്രാപ്തമായ പുതുവര്‍ഷത്തെ പ്രതീക്ഷിച്ചു കൊണ്ട്... ഏവര്‍ക്കും ആശംസിച്ചു കൊണ്ട്... ഒരു വെഷകോടന്‍.

Saturday, December 26, 2009

പിള്ളേരുടെ ഓരോ ഗതികെടെ...


പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും കണ്ടു പഠിക്കാനും , അനുകരിക്കാനും കുറെ നല്ല കാര്യങ്ങള്‍ കണ്ടേക്കാം. അവരുടെ എല്ലാ പ്രവര്‍ത്തികളും മോശം ആണ് എന്നൊരു അഭിപ്രായം എനിക്കില്ല. ( ഇനി എനിക്കൊരു മോശം അഭിപ്രായം ഉണ്ടെന്നറിഞ്ഞാല്‍ അവര്‍ക്കാകെ വിഷമമാകും..ഇന്ന് വരെ അവര്‍ ശീലിച്ചതൊക്കെ മാറ്റി പുതിയത് പഠിക്കേണ്ടിവരും..അതുകൊണ്ടാ...) നമ്മുടെ ഒരു കുഴപ്പം എന്താണെന്ന് വച്ചാല്‍ പുറത്തുള്ളവര് എന്ത് കാണിച്ചാലും മൂന്നാം പക്കം അത് നമ്മുടെ ഫാഷന്‍ ആകും..പിന്നെ അത് ശീലം ആകും..അങ്ങനെ അത് നാട്ടുനടപ്പാവും. ഇതിപ്പോ നമ്മുടെ നാട്ടിലെ ചേട്ടന്മാര്, കരിഞ്ഞു പോകുന്ന വെയിലത്തും സായിപ്പന്മാരെ പോലെ കോട്ടും സ്യുട്ടും ഒക്കെ ഇട്ടു നടക്കുന്നതോ, ചേച്ചിമാരു മൈക്രോ മിഡി ഇട്ടു നടക്കുന്നതോ ഒന്നും അല്ല വിഷയം.. അവര് മൈക്രോ അല്ല മൈക്രോ സ്കോപ് മിഡി ഇട്ടു നടന്നാലും നമുക്ക് സന്തോഷമേ ഉള്ളു.. പക്ഷെ അത് കഴിഞ്ഞിട്ട് ഞാന്‍ അവിടെ നോക്കി ഇവിടെ നോക്കി എന്ന്‍ പരാതി പറയരുത് .. കണ്ടിട്ടില്ലാത്തത് മുന്നില്‍ കണ്ടാല്‍ സൂക്ഷിച്ചു നോക്കും എന്നുള്ളത് മനുഷ്യനും, മൃഗത്തിനും എല്ലാം ജന്മസഹജമായ ഒരു ശീലമാണ് എന്നാണു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഞാന്‍ ഇത് പോലെ കണ്ടിട്ടില്ലാത്ത ,അല്ലെങ്കില്‍ നമുക്ക് അത്ര പരിചയമില്ലാത്ത ഒരു കാഴ്ച കണ്ടു. ( ഞാന്‍ നേരത്തെ പറഞ്ഞു... മിഡി അല്ല നമ്മുടെ വിഷയം..അത് കൊണ്ട് കണ്ടതും അങ്ങനെ ഒരു കാഴ്ച അല്ല.) പത്തു മുപ്പത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചി, കഷ്ടി ഒന്നരവയസ്സുള്ള അവരുടെ കൊച്ചിനെയും, ഒരു പട്ടിക്കുട്ടിയെയും കൊണ്ട് വഴിയെ നടന്നു പോകുന്നു. ഇത് ഞാന്‍ കുറെ കണ്ടതാ എന്നാവും ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നെ.. അത് ഞാനും കുറെ കണ്ടതാ.. . പട്ടിയെ തുടലേല്‍ ഇട്ടു ...അല്ലെങ്കില്‍ കൂട്ടിലിട്ടു, വളര്ത്തുന്നതാ എനിക്ക് പരിചയം. ( എനിക്കത്ര ലോകപരിചയം പോര എന്നൊരഭിപ്രായം ചിലര്‍ പലപ്പോഴായി എന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട് എന്നാ കാര്യം ഞാന്‍ സൌകര്യപൂര്‍വ്വം അങ്ങ് മറക്കുകയാണ്.) ഈ പുള്ളിക്കാരത്തി കൊച്ചിനെ ഒരു വണ്ടിയേല്‍ ഇരുത്തി ഉന്തുകയാണ്. ആ കൊച്ചിന്റെ വായില്‍ ഒരു സാധനം തിരുകി വച്ചിട്ടുമുണ്ട്. വിശന്നിട്ടാണോ അതോ മറ്റു എന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല ആ കൊച്ചു ഭയങ്കര നിലവിളിയാണ്. ഈ വായിലെ സമാനം കാരണം നന്നായിട്ട് ഒന്ന് കാറാനുംപറ്റുന്നില്ല. അത്കാരണം മുഖം ഒക്കെചുവന്നു.. കണ്ണൊക്കെ അങ്ങ് നിറഞ്ഞൊഴുകുകയാണ്.

ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ടെങ്കിലും നമ്മുടെ അമ്മ ഇതൊന്നും ശ്രദ്ധിക്കുന്നില്ല..പട്ടിക്കുഞ്ഞിനെ എടുത്തു
നെഞ്ചില് ചേര്‍ത്ത് വച്ച് വണ്ടി ഉന്തുന്നതല്ലാതെ, ആകൊച്ചിനെ ഒന്ന് ശ്രദ്ധിക്കാനോഅതിനു വേണ്ട കെയര്‍
കൊടുക്കാനോ പുള്ളിക്കാരിക്ക് മനസ്സില്ല. പട്ടിയെ ഇരുത്തിക്കൊണ്ട് ആ വണ്ടി ഉന്തിയാലും വേണ്ടില്ല, ആ കൊച്ചിനെ ഒന്ന് എടുത്തു പിടിച്ചാല്‍, അതിനോടോന്നു വര്‍ത്താനം പറഞ്ഞാല്‍ അവനു സന്തോഷമായേനെയല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.പട്ടിയെ വളര്‍ത്തുന്നതും സ്നേഹിക്കുന്നതും ഒക്കെ കൊള്ളാം, എന്നാലും സ്വന്തം കുട്ടിയെക്കാളും പ്രാധാന്യം പട്ടിക്കാണോ എന്നതാണ് ഇത് കണ്ടപ്പോ എന്റെ സംശയം. നമ്മളൊക്കെ പുണ്യം ചെയ്തവരാ. നമ്മള് വളര്‍ന്ന കാലത്ത് നമ്മുടെ അമ്മമാര്‍ക്ക് ഇങ്ങനെ വണ്ടിയേല്‍ ഇരുത്തി ഉന്താനൊന്നും തോന്നിയില്ലല്ലോ. ഞാന്‍ നല്ല സുഖിമാനായിട്ടു അമ്മയുടെയും അപ്പന്റെയും നെഞ്ചിലിരുന്നും കിടന്നും ഒക്കെ ആണ് വളര്‍ന്നത്‌.അവിടെ കിടക്കാന്‍ ഒരു സുഖമാണേ.. നെഞ്ചിലെ ചൂടും കിട്ടും ഇടയ്ക്കു ഇടയ്ക്കു നേരമ്പോക്കിന് വേറെ പലതും കിട്ടും.. അങ്ങനെ എല്ലാം കൊണ്ടും പുണ്യം ചെയ്ത ശൈശവം.

ഇനി വരാന്‍ പോകുന്ന കൊച്ചു പിള്ളേരെ... നിങ്ങളുടെ കാര്യം വലിയ കഷ്ടത്തിലാ.. പട്ടികളോടും പൂച്ചകളോടും ഉള്ള പ്രണയം വിമാനത്തേല്‍ കയറിയും ചാനലുകളിലൂടെയും ഒക്കെ നമ്മുടെ നാട്ടിലും കൂടിക്കോണ്ടിരിക്കുവാ. അപ്പൊ ഞാന്‍ ഇവിടെ കണ്ടത് നാളെ അവിടെയും കാണേണ്ടി വരും.. നിങ്ങളുടെ കാര്‍ന്നോന്മാര്‍ക്ക് കിട്ടിയ പല ഭാഗ്യങ്ങളും നിങ്ങള്ക്ക് നഷ്ടമാവുന്ന ലക്ഷണം ആണ് കാണുന്നത്. ബിന്‍ ലാദനെപ്പോലെ എന്ത് പറഞ്ഞാലും അനുസരിക്കാന്‍ വേണ്ടി അനുയായികള്‍ ഒന്നും എനിക്കില്ലെങ്കിലും ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരും ഇവിടെ ഉണ്ട്. അത് കൊണ്ട് ഒരു മൂന്നു നാല് പിള്ളേരുടെ കാര്യം ഞാന്‍ ഏറ്റു. ഞാന്‍ വളര്ന്നപോലെ അവരും വളരും.. അങ്ങനെ വേറെ കുറെ പേരുകൂടെ എങ്കിലും കാണാതിരിക്കില്ല എന്നാണു എന്റെ വിശ്വാസം.

ഈയ്യോ...... ഇപ്പൊ ഇതെങ്ങാനും ആരേലും വായിച്ചാല്‍ എന്റെ ജീവന് വരെ ഭീഷണി ഉണ്ടാവാന്‍ സാധ്യത ഉണ്ട്. ആരും മേനക ചെച്ചിയോടോന്നും ഞാന്‍ ഇങ്ങനെ ഇവിടെ എഴുതി വച്ചിട്ടുണ്ടെന്ന് പറഞ്ഞേക്കല്ലേ.. എന്റെ കാര്യം പോക്കാ... സത്യമായും എനിക്ക് പട്ടിയോട്‌ ഒരു വിരോധവും ഇല്ല.

Saturday, March 21, 2009

ഒരു പെണ്ണ് ചോദ്യത്തിന്റെ വിഹ്വലതകള്‍

കാണാന്‍ അസൌകര്യം ഉള്ളതിനാലും... തന്റെ ബോഡി നാളെയും കേടുപാടുകള്‍ ഇല്ലാതെ കാണണം എന്ന ആഗ്രഹം ഉള്ളതിനാലും... പെണ്ണ് ചോദ്യം (അനൌപചാരികം ആണേ...) ഫോണില്‍ ആക്കാന്‍ കുഞ്ഞുവര്‍ക്കി തീരുമാനിച്ചു. ആദ്യം അമ്മായിഅമ്മയെ ഫോണില്‍ വിളിച്ചു കാര്യങ്ങളുടെ കിടപ്പ് അറിഞ്ഞാല്‍ അമ്മാവനേം അളിയനേം കൂടെ അമ്മായിഅപ്പന്റെ മുന്‍പിലേക്ക് ഇട്ടു കൊടുക്കുന്നതിനു മുന്പേ വേണ്ട തന്ത്രങ്ങള്‍ ആലോചിക്കാമല്ലോ... സകല ദൈവങ്ങളെയും, പേരറിയാവുന്ന സകല പുന്യവാളന്മാരെയും മനസില്‍ ധ്യാനിച്ച് കൊണ്ടു കുഞ്ഞു വര്‍ക്കി ഫോണ്‍ കൈയില്‍ എടുത്തു. നമ്പര്‍ ഒന്നുകൂടി നോക്കി ഉറപ്പു വരുത്തി... ഇന്റര്‍നാഷനല്‍ അക്സസ്സ് കോഡ് സഹിതം ഡയല്‍ ചെയ്തു...



ദ്ര്ര്രിംഗ്...ദ്രിഇന്ഗ് ...ദ്ര്ര്രിംഗ് ...ദ്രിഇന്ഗ് ...


കുഞ്ഞുവര്‍ക്കിയുടെ ഹൃദയമിടിപ്പുപോലും ടെലിഫോണ്‍ ബെല്ലിന്റെ താളത്തിലായി.
അമ്മ : ഹലോ


കു.വര്‍ക്കി : ങ്ഹാ ....ഹലോ ...


കു.വര്‍ക്കി: മേരിയമ്മ ചേച്ചിയല്ലേ?


അമ്മ: അതെ... ഇതാരാ സംസാരിക്കുന്നെ?

കു.വര്‍ക്കി : ഇതു ഞാനായിരുന്നു...കുഞ്ഞുവര്‍ക്കി...

അമ്മ: ഓ...


കു.വര്‍ക്കി : അമ്പ്ഓടാത്ത പറമ്പിലെ ..... വര്‍ക്കിടെ.......


അമ്മ: ങ്ഹാ... മനസിലായി...ഇത്രയും കാലം എന്റെ മോളുടെ പിന്നാലെ നടന്നത് പോരാഞ്ഞിട്ടാണോ ഇപ്പൊ എന്നെ വിളിക്കുന്നെ?



കു.വര്‍ക്കി : അങ്ങനെ അല്ലാ.... ഞാന്‍ ഇപ്പൊ വിളിച്ചത് .....അമ്മയോട്...

അമ്മ: അമ്മയോടോ? ആരുടെ അമ്മയോട് ?????


കു.വര്‍ക്കി : അയ്യോ... അങ്ങനെ അല്ലാ ........ മരിയേടെ അമ്മ .....



അമ്മ: എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ മതി....


കു.വര്‍ക്കി : ശരി.... മരിയേടെ അമ്മയോട് ഒരു കാര്യം ചോദിയ്ക്കാന്‍ വേണ്ടി ആയിരുന്നു.

അമ്മ: എന്നിട്ട്....


കു.വര്‍ക്കി : ഞാന്‍ എന്താ ചോദിയ്ക്കാന്‍ വന്നെ .... എന്ന് അമ്മക്ക് മനസിലായി കാണും എന്നാ ഞാന്‍ വിശ്വസിക്കുന്നെ ....


അമ്മ: എന്ത്....


കു.വര്‍ക്കി : ഞാന്‍ കൂടുതല്‍ വളച്ച് കെട്ടൊന്നും കൂടാതെ കാര്യം പറയാം..


അമ്മ: .............. നിശ്ശബ്ദത ...


കു.വര്‍ക്കി : അമ്മക്കറിയാവുന്നതു പോലെ ഞാനും മരിയയും തമ്മില്‍ കുറെ കാലമായി സ്നേഹത്തിലാണ്. ഇനി അങ്ങോട്ട് ഞങ്ങളുടെ സന്തോഷങ്ങളും വേദനകളും പങ്കിടാന്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടാവണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിന് ഞങ്ങള്‍ക്ക് അമ്മയുടെ സമ്മതവും അനുഗ്രഹവും വേണം.


അമ്മ: നിശ്ശബ്ദത ....( ഒരു നിമിഷത്തേക്ക് മാത്ത്രം..) നീ എന്നാന്നാ കരുതിയെ? നീ വന്നു ചോദിക്കുമ്പോലെ എടുത്തോണ്ട് പോയ്കോ എന്ന് പറഞ്ഞു എടുത്തു തരും എന്നോ?? പോയ്ക്കോണം എന്റെ മുന്‍പില്‍ നിന്നു... അങ്ങനെ കണ്ട അവനും ഇവനും ഒന്നും കൊടുക്കാന്‍ വേണ്ടി അല്ലാ ഞങ്ങള്‍ ഞങ്ങളുടെ മോളെ വളര്‍ത്തിയത്‌... നീ എന്ത് കണ്ടിട്ടാ ഞങ്ങളുടെ വീട്ടില്‍ വന്നു പെണ്ണ് ചോദിക്കുന്നെ...


ഒരു നിമിഷത്തേക്ക് വീണ്ടും നിശ്ശബ്ദത....



നീ ഈ ചോദിച്ചത് അച്ചാച്ചന്‍ എങ്ങാനും അറിഞ്ഞാല്‍ എന്താ സംഭവിക്കുക എന്ന് നിനക്കറിയാവോ? നീ ആലോചിച്ചിട്ടുണ്ടോ? അങ്ങനെ എന്തെങ്കിലും ആലോചിച്ചിട്ടുന്ടെങ്കില്‍ നീ ഈ പണിക്കു നടക്കില്ലായിരുന്നു.



വീണ്ടും നിശ്ശബ്ദത....



കു.വര്‍ക്കി: (ഒന്നു കണ്ഡശുത്ഥി വരുത്തി......) അങ്ങനെ അല്ല അമ്മേ... വരും വരയ്കകളെ പറ്റി നന്നായി ആലോച്ചിട്ട് തന്നെ എടുത്ത തീരുമാനം ആണിത്... ഈ ഇരുപത്തി എട്ടാം വയസില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ കൊച്ചു പ്രായത്തില്‍ തോന്നുന്ന ആവേശത്തിന്റെ എടുത്തു ചാട്ടം ആണെന്ന് അമ്മ കരുതരുത്. ഞാന്‍ പറയുന്നതു എന്താണെന്നും അതിന്റെ അര്‍ത്ഥവും വ്യാപ്തിയും എന്താണെന്നും ഉള്ള വ്യക്തമായ ബോധ്യത്തോടെ ആണ് ഞാന്‍ സംസാരിക്കുന്നത്.... മോശമല്ലാത്ത വിദ്യാഭ്യാസം ഉണ്ട്.....നല്ല നിലയിലുള്ള ഒരു ജോലി വിദേശത്തുണ്ട്... ഒരു വിവാഹത്തിന്റെതായ ബാധ്യതകളെ തരണം ചെയ്യാം എന്ന ഉറപ്പുള്ളതുകൊണ്ടാണ്‌ ഞാന്‍ .....


ഞാന്‍ ഈ പറയുന്നതിനെ തെറ്റായ ഒരു രീതിയില്‍ അമ്മ കാണരുത്... ഏറ്റവും ആത്മാര്‍ഥതയോടെ ആണ് ഞാന്‍ മരിയയെ സ്നേഹിക്കുന്നതും ഇപ്പോള്‍ വിവാഹം കഴിപ്പിച്ചു തരുമോ എന്ന് ചോദിക്കുന്നതും.... ഞാന്‍ ഈ പറയുന്നതിനെ ശരിയായ രീതിയില്‍ തന്നെ അമ്മ മനസിലാക്കുമെന്നാണ് എന്റെ വിശ്വാസം.


അടുത്ത ദിവസം എന്റെ അമ്മാവനും അളിയനും കൂടി വീട്ടില്‍ വരും... എനിക്ക് വേണ്ടി അവര് മരിയയുടെ കാര്യം ഔസേപ്പ് ചേട്ടനുമായി സംസാരിക്കും... അപ്പോള്‍ മരിയയുടെ ആഗ്രഹം നടത്തികൊടുക്കാന്‍ ഔസേപ്പ് ചേട്ടനോട് പറയണം.



അമ്മ : നീ പറയുമ്പോലെ കാര്യങ്ങള്‍ എല്ലാം നടക്കും എന്നാണോ നിന്റെ വിചാരം... അച്ചാച്ചനെ നിനക്കറിയാന്‍ പാടില്ല. അദ്ദേഹം ഇതു സമ്മതിച്ചു തരും എന്നാണോ നീ കരുതുന്നത്??


കു.വര്‍ക്കി: അത്ര എളുപ്പം ഔസേപ്പ് ചേട്ടന് എന്നെ അക്സെപ്റ്റ് ചെയ്യാന്‍ പറ്റില്ല എന്നെനിക്കറിയാം. എങ്കിലും... അദ്ദേഹം മരിയയെ എന്തുമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട് ...മരിയ പറഞ്ഞും...അല്ലാതെയും... മരിയയോടുള്ള സ്നേഹത്തെ ഓര്‍ത്തു മറിയയുടെ സ്നേഹത്തെ മനസിലാക്കാനും അംഗീകരിക്കാനും അചാച്ചനോട് അമ്മ ഒന്നു പറഞ്ഞാല്‍ മതി. ബാക്കി എല്ലാം ശരിയായിക്കോളും...



അമ്മ: .....................................................................................................................




ഈ പറയുന്നതു എന്തായിരിക്കും എന്നെനിക്കു ഒരു പിടിയും ഇല്ല. എന്റെ കൈയിലെ വെടിക്കെട്ട് തീര്‍ന്നു. അമ്മ കഥാപാത്രത്തിന്റെ അവസാനത്തെ ഡയലോഗ് എന്തായിരിക്കും എന്ന് നിങ്ങള്‍ പറയുവോ?? അതെഴുതാന്‍ ഒരു ധൈര്യം വരുന്നില്ല....




ഈ രീതി അഡോപ്റ്റ് ചെയ്‌താല്‍ റിയല്‍ ലൈഫില്‍ എന്തായിരിക്കുംസംഭവിക്കുക എന്നും അനുഭവം കൊണ്ടും ... പരിചയം കൊണ്ടും അറിവുള്ളവര്‍ പറഞ്ഞാല്‍ നന്നായിരുന്നു...അത് തിരുത്തിയിട്ട് ഇറക്കിയാല്‍ മതിയല്ലോ....