Monday, November 14, 2011

ഒരു ബ്രായും കുറെ സ്വാതന്ത്ര്യ സമര ചിന്തകളും

സ്വാതന്ത്ര്യ സമരവും ബ്രായും തമ്മിലെന്തു ബന്ധം എന്നോര്‍ത്ത് നെറ്റി ചുളിക്കണ്ട. ലയ്സും, സ്ട്രാപ്പും ഉള്ളതും ഇല്ലാത്തതുമായി ഒരു മുപ്പത്തിയാറ് കൂട്ടം ഉണ്ടെങ്കിലും ആത്യന്തികമായി ഇതിന്റെയെല്ലാം ധര്‍മ്മം എന്ന് പറയുന്നത് ബന്ധനം തന്നെ ആണ്. പ്രത്യക്ഷത്തില്‍ തന്നെ അടിച്ചമര്‍ത്തലിന്റെ വക്താവായ ഇവനെങ്ങനെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി എന്നത് എനിക്കും മനസ്സിലായിട്ടില്ല. 

നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ ഇവന് സ്വാതന്ത്ര്യത്തിന്റെ ബ്രാന്‍ഡ്‌ അമ്പാസിഡാര്‍ ആയിരുന്നു എന്ന് കേരളത്തിന്റെ ചരിത്രത്തില്‍   നിന്നും വ്യാഖ്യാനിച്ചെടുക്കാവുന്നതാണ്. സ്ത്രീ ശാക്തീകരണമെന്നും ഫെമിനിസം  എന്നുമൊക്കെ ഇപ്പൊ വിളിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ നമ്മുടെ നാട്ടിലെ തുടക്കമെന്ന് വേണമെങ്കില്‍ പറയാവുന്ന "മാറുമറക്കല്‍ സമരം" വ്യക്തി സ്വാതന്ത്ര്യത്തിനും, മാറ് മറക്കാനുള്ള അവകാശത്തിനും ഒക്കെ  വേണ്ടിയായിരുന്നല്ലോ. അതാണ്‌ മാറ് മറക്കാനുള്ള അവകാശം പത്തൊന്‍പതാം നൂറ്റാണ്ട് മുതലേ  സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനം.

മേല്പറഞ്ഞ സമരം ഒക്കെ വിജയകരമായി അവസാനിച്ചു. എല്ലാവര്ക്കും മാറ് മറക്കാനുള്ള തുല്യമായ അവകാശം കൈവന്നു. പിന്നീടങ്ങോട്ടുള്ള കാലങ്ങളില്‍ ഈ ഉപകരണത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങളും ഉണ്ടായി എങ്കിലും അതിന്റെ സനാതനമായ ധര്‍മ്മം സ്തുത്യര്‍ഹമായ വിധം നിര്‍വഹിക്കപ്പെട്ടിരുന്നു.ഈ കാലയളവില്‍ ഫെമിനിസം എന്ന പ്രസ്ഥാനവും വളരുകയായിരുന്നു. അതീവ വിപ്ലവകരമായ രൂപാന്തരങ്ങള്‍  അതിന്റെ നയങ്ങളിലും പ്രവര്‍ത്തന  രീതികളിലും  സംഭവിച്ചു നാം ഇന്ന് കാണുന്ന രൂപത്തിലും ഭാവത്തിലും എത്തി എന്ന് വേണം മനസ്സിലാക്കാന്‍. പഴയ സമരത്തില്‍ നിന്നും ഒരു നൂറ്റന്പതു വര്ഷം കഴിഞ്ഞപ്പോളെക്കും ഫെമിനിസ്റ്റുകള്‍ ബ്രാ കത്തിച്ചും, ഊരി ചവറ്റു കൊട്ടയിലിട്ടും ആണ് ഇന്ന്  സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് ."ആര്‍ക്കു" "ആരില്‍" നിന്ന് എന്ന് വ്യക്തമല്ലെങ്കിലും അന്നും ഇന്നും സ്വാതന്ത്ര്യത്തിന്റെ പ്രതീകം ഒന്ന് തന്നെയല്ലേ? സ്വാതന്ത്യത്തിനും കാലാന്തരത്തില്‍ അര്‍ത്ഥഭേദം വന്നോ എന്നാണെന്റെ സംശയം.

ഒരു കാലത്ത് സ്വാതന്ത്ര്യം എന്നത് മറക്കലായിരുന്നു എങ്കില്‍ ഇപ്പോള്‍ സ്വാതന്ത്ര്യമെന്നത് തുറക്കലായി മാറി. അങ്ങനെ രാവില്‍ നിന്നും പകലിലെക്കെന്നപോലെ  വൈരുദ്ധ്യാല്‍മകമായ ഒരു അര്‍ത്ഥവ്യത്യാസം സ്വാതന്ത്ര്യത്തിനു കൈവന്നു. ഇതിനെ ആണോ ആവോ ഈ വൈരുദ്ധ്യാല്മക സ്വാന്തന്ത്ര്യ വാദം എന്ന് പറയുന്നത്? ആണെങ്കിലും തെറ്റ് പറയാനില്ല എന്നാണ് എന്റെ വിശ്വാസം.

ആമ്മേന്‍.