ആകെ മൊത്തം ചുവന്ന നിറത്തില്‍ ഒരു ലംബോര്‍ഗിനി ഒരു ഇരമ്പലോടെ വലിയമംഗലത്തെ തടി മില്ലില്‍ വന്നു നിന്നു. അവിടെ കിടന്ന മുട്ടനൊരു ആനിത്തടിയുടെ മറവിലേക്ക് പാര്‍ക്ക് ചെയ്തു. അല്പ നിമിഷങ്ങള്‍ക്ക് ശേഷം അതീവ മാന്യമായി വസ്ത്രം ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരന് പുറത്തേക്കിറങ്ങി. തൊട്ടു പിന്നാലെ പഴയ ബ്ലോക്ക് മെമ്പര്‍ നമ്മുടെ സണ്ണിച്ചന്റെ വെളുത്ത മാരുതി നിശബ്ദമായി അവിടെ എത്തി. ചുറ്റു പാടും ഒന്ന് നോക്കി നമ്മുടെ ചെറുപ്പക്കാരന് അതില്‍ കയറി എങ്ങോട്ടോ പോയി..
സണ്ണിച്ചന് കാര്‍ വളച്ചു ബെര്‍ളി തമ്പുരാന്റെ പഴയ കൊട്ടാര വളപ്പിലേക്ക് എടുത്തു. കൊട്ടാരത്തിന്റെ കൊച്ചുതിണ്ണേല് ഇരുന്നു ഒരു പാളയിലേക്ക് ഫ്ലൂട്ടൂത്തു കൊണ്ട് ജാവ പോളിച്ചോണ്ടിരുന്ന, ഒരു കച്ച തോര്‍ത്തു മാത്രം ഉടുത്തിരുന്ന കാര്‍ന്നോരു എണീറ്റ് വന്നു കാറിനകത്തേക്ക് നോക്കി. കാറിന്റെ പിന് സീറ്റിലിരുന്നു കൊണ്ട് തന്നെ തന്റെ ബിസിനസ് കാര്‍ഡ് എടുത്തു കാര്‍ന്നോരുടെ കയ്യിലേക്ക് കൊടുത്തിട്ട് ആദ്ദേഹം പറഞ്ഞു "ഞാന്‍ ക്വട്രോച്ചി". തമ്പുരാനെ മുഖം കാണിക്കാനാ?? കാര്‍ന്നോരു ചോദിച്ചു. "അദ്ദ്യേം ഒരു ദൂരയാത്ര കഴിഞ്ഞിങ്ങു വന്നതേ ഉള്ളു..സര്കുലേഷന് ബൂം ഉണ്ടാക്കാന്‍ 501 വഴികള്‍ എന്ന പുസ്തകം എഴുതിക്കൊണ്ടിരിക്കെ മരണമടഞ്ഞ കോട്ടയത്തുള്ള ഒരു അച്ചായനെ കാണാന്‍ പോയതാരുന്നു.." മറുപടിക്കൊന്നും കാത്തു നില്‍ക്കാതെ തന്നെ കാര്‍ന്നോരു പറഞ്ഞു തുടങ്ങി.."ഇപ്പൊ കുളിക്കാനായി കുളത്തിലേക്ക് പോയതാണ്.."
"അയ്യോ അതിനവിടെ നിറച്ചും ഘടാഘടിയന്മാരായ മുതലകള്‍ ഒക്കെ ഉണ്ടെന്നു പറഞ്ഞിട്ട്??" ക്വട്രോച്ചി ചോദിച്ചു..
"ഹും.. അതൊക്കെ ആയ കാലത്ത്.. അതിനെയെല്ലാം കൂടെ ഏതോ പോപ്പിയും കൊപ്പന്മാരും കൂടെ വന്നു പിടിച്ചോണ്ട് പോയില്ലേ??? ഇച്ചായന്റെ മോളിക്കുട്ടിയേം ചാര്ലിയേം ഒക്കെ കള്ളിനു കറി വെച്ച് കാണും.. കണ്ണില്‍ ചോരയില്ലത്തവനമാര്".. കാര്‍ന്നോരു ആത്മഗതം ചെയ്തു.
"എന്നാല്‍ വരൂ..തമ്പുരാന് എത്തിക്കാണും". അവര്‍ അകത്തെക്കാനയിക്കപ്പെട്ടു. അകത്തളത്തിലേക്ക് നടക്കവേ മുനയൊടിഞ്ഞ കുന്തവും അരികു പൊട്ടിയ പരിചയും വാ മടങ്ങിയ വാളും ഒക്കെ പിടിച്ചു അസ്ഥിക്കോലത്തിലുള്ള ഏതാനം ഭടന്മാര് കാവല്‍ (???) നില്‍പ്പുണ്ടാരുന്നു. ഒടിഞ്ഞ കുന്തത്തില്‍ ഒന്ന് പിടിച്ചു നോക്കിയതാ ക്വട്രോച്ചി..കുന്തം അങ്ങേരുടെ കയ്യില്‍ ഇരുന്നു..ഭടന് നിലത്തും കിടന്നു.. അയാളെ പിടിച്ചു നിവര്‍ത്തി നിര്‍ത്തിയിട്ടു വീണ്ടും നടന്നു അകത്തളത്തിലെത്തി..അതാ അവിടെ മഹാരാജാവ്..ബ്ലോഗ് വാണിരുന്ന കോയിത്തമ്പുരാന്‍ ബെര്‍ലി മഹാരാജാവ് "ആസന".സ്ഥനായിരിക്കുന്നു.
കോഴിക്കൂടിന്റെ പട്ടിക ആണെന്ന് തോന്നുന്നു ഒടിഞ്ഞ സിഹാസനത്തിന്റെ കാലു വെച്ച് കെട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത്. കയ്യിലുള്ള കൊണിയാക്കിന്റെ കുപ്പിയില്‍ നിന്നും ഒഴിക്കുന്നത് കരിഓയില്‍ ആണെന്ന് മണം കേട്ടപ്പോളെ മനസ്സിലായി. ക്വട്രോച്ചിക്കൊരെണ്ണം വീത്തട്ടെ?? തമ്പ്രാന് ചോദിച്ചു. ഈ ബ്രാന്‍ഡ് എനിക്ക് പിടിക്കില്ല എന്ന് പറഞ്ഞു ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു ക്വട്രോച്ചി. എന്നിട്ട് സദസ്സില്‍ നിന്നും ഒരു കൊരണ്ടി വലിച്ചിട്ടു അതിലെക്കിരുന്നു.
ആയുധക്കച്ഛവടത്തിലെ ക്വട്രോച്ചിയുടെ പരിചയവും പ്രാവീണ്യവും ഒക്കെ പറഞ്ഞു തമ്പുരാന് അദ്ദേഹത്തെ പരിചയപ്പെടുത്താനോരുങ്ങിയ സണ്ണിച്ചനെ തമ്പുരാന് വിലക്കി.."നാം അറിയും ഇയാളെ".. പിന്നെ ക്വട്രോച്ചി കളം പിടിച്ചു..കാലഹരണപ്പെട്ട കുന്തവും തെറ്റാലിയും ഒക്കെ ഇപ്പോളും വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കൊണ്ട് അവര്‍ക്ക് വന്ന നഷ്ടങ്ങളും..അത് കൊണ്ട് അതൊക്കെ ആധുനികവല്ക്കരിക്കെണ്ടതിന്റെ ആവശ്യകതയും, പാറ്റന്‍ ടാങ്കും മെഷിന് ഗണ്ണും ഒക്കെ ഉള്ള ആധുനിക യുദ്ധ മുറകളെപ്പറ്റിയും ഒക്കെ ക്വട്രോച്ചി വരച്ചിട്ട വാക്ചിത്രത്തിനു മുന്പില് തബ്രാന് വാ പൊളിച്ചിരുന്നു. നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ചു പിടിക്കുന്നതിനുള്ള ഏക വഴി ഇത് മാത്രമാണെന്ന് തമ്പുരാന് മനസ്സിലാക്കി. ഒടുവില്‍ കച്ചവടം ഉറപ്പിച്ചു കുറെ വെള്ള പേപ്പറുകളില്‍ തമ്പുരാനെ കൊണ്ട് ഒപ്പിടുവിച്ചു. തല ചൊറിഞ്ഞു നിന്ന സണ്ണിച്ചനും ഒരു കമ്മിഷന് വകയിരുത്തി.
" നിങ്ങള്‍ ഈ ഭാഗത്ത് വേറെ ആര്‍ക്കേലും ആയുധങ്ങള്‍ സപ്ലൈ ചെയ്യുന്നുണ്ടോ? തംബ്രാന് ഒരു സംശയം. "നിങ്ങളെപ്പോലെ നല്ല ഒരു കസ്റ്റമര്‍ പോരെ"? എന്ന ചോദ്യത്തില്‍ തമ്പ്രാന് ഒന്ന് സുഖിച്ചു. "നിങ്ങള്‍ക്കു ഫിറിലെ (F. I. R.) ബ്രിഗേഡിയര്‍ ബറുവയെ അറിയാമോ? അങ്ങേരുടെ കയ്യില്‍ നിന്നും സുരേഷ് ഗോപി പിടിച്ചെടുത്ത തോക്കൊക്കെ എവിടെയാനെന്നറിയാമോ? ബെര്‍ളിയുടെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ ക്വട്രോച്ചി ഞാന്‍ കൂതറ ബിസിനസ് ചെയ്യാറില്ലെന്നും അല്ലേലും എനിക്ക് സുരേഷ് ഗോപിയെ പരിചയം ഇല്ലെന്നു പറഞ്ഞു ഊരാന്‍ നോക്കി. ക്വട്രോചിയെ തമ്പുരാന് വിടാതെ പിടിച്ചു.. മമ്മൂട്ടിയോട് പറഞ്ഞു സുരേഷ് ഗോപിയെ മുട്ടിച്ചു തരാം എന്നായി തമ്പുരാന്. എന്താ കാര്യം എന്ന് ചോദിച്ച ക്വട്രോച്ചിയോട് തന്റെ പ്ലാന്‍ വെളിപ്പെടുത്തി.
"ഈയിടെ തനിക്കേറെ നാശനഷ്ടങ്ങള്‍ വരുത്തിയ, തന്റെ പിന്തുടരന്മാരെ ഒട്ടേറെപ്പേരെ അടിച്ചു മാറ്റിയ ഒരു പോപ്പിയെന്നോ പോണി എന്നോ ഒക്കെ പേരുള്ള ഒരു ക്നാപ്പന് ഉണ്ട്..അവിടെ കച്ചവടത്തിന് ചെന്നിട്ടു ബറുവയുടെ തോക്ക് അവര്‍ക്ക് വില്‍ക്കണം".
"അതില്‍ നേട്ടം നിങ്ങള്‍ക്കല്ലേ ഉള്ളു" ക്വട്രോച്ചി ചോദിച്ചു.
"ചുമ്മാ വേണ്ട.. ഡീല്‍ നടന്നാല്‍ എന്റെ മോളിക്കുട്ടിയെ നിങ്ങള്‍ക്ക് വിട്ടു തന്നേക്കാം.. "
എന്ത്..ബൂലോഗ പ്രശസ്തയായ നമ്മുടെ മോളിക്കുട്ടിയോ? ക്വട്രോച്ചി മനസ്സിലോര്‍ത്തു..
"മോളിക്കുട്ടീ"..തമ്പുരാന് നീട്ടിവിളിച്ചു.. ഒരവിഞ്ഞ ചട്ടേം മുണ്ടുമുടുത്ത തല നരച്ച ഒരമ്മച്ചി പുറത്തേക്കു വന്നു.. "കുടിക്കാന്‍ വെള്ളം എന്തേലും എടുക്കണോ? അമ്മച്ചി ചോദിച്ചു.. വേണ്ടാന്നു പറഞ്ഞപ്പോള്‍ കുണുങ്ങി കുണുങ്ങി അകത്തേക്ക് പോയി. ഇതാണോ ഐറ്റം..ഈ കച്ചവടം നടക്കില്ല എന്ന് പറഞ്ഞു പോകാനിറങ്ങിയ ക്വട്രോചിക്ക് വേറെ ഓഫര്‍ കൊടുത്തു.".എന്റെ ബ്ലോഗിന്റെ താഴും താക്കോലും നിങ്ങള്‍ക്ക് തരാം..എന്നാലും വേണ്ടില്ല അവനിട്ടൊരു പണി കൊടുത്താല്‍ മതി." ഡൊമൈന്കാരു കമന്റ് ബോക്സ് പൂട്ടി അതിന്റെ താക്കോലും കൊണ്ട് പോയി..മാസ വാടകയുടെ കുടിശ്ശിക കൊടുക്കാനുണ്ട്. അത് കൊണ്ടാ അല്ലേല്‍ അതും കൂടെ തരാമായിരുന്നു. അത് ബോധിച്ചു..ഡീല്‍ ഉറപ്പിച്ചു.. വരാന്‍ പോകുന്ന നല്ല കാര്യങ്ങളെ സ്വപ്നം കണ്ടു തമ്പുരാന് സിംഹാസനത്തിലേക്ക് ശ്രദ്ധയോടെ ചാഞ്ഞു..ഇനി ഊരാന്‍ കോഴിക്കൂടിനു പട്ടിക ബാക്കി ഇല്ലല്ലോ..
സണ്ണിക്കുട്ടിയുടെ വണ്ടി നേരെ മില്ലിലേക്കു വിട്ടു. ക്വട്രോച്ചിയെ ഇറക്കി ടാറ്റാ പറഞ്ഞു പോയി.. ലംബോര്‍ഗിനിയില്‍ കയറി അദ്ദേഹം നേരെ ആറാം കിലോ ഷാപ്പിലേക്ക് വിട്ടു. അതിന്റെ മുന്പില് വണ്ടി നിര്‍ത്തി..കഴുത്തു മുതല്‍ തുടങ്ങുന്ന തന്റെ മാസ്ക് പൊളിച്ചു മാറ്റി..തല ഒന്ന് കുലുക്കി..മുടി ഒന്ന് കോതി, ശുദ്ധ വായു ആസ്വദിച്ചു..എന്നിട്ട് തന്റെ ട്രേഡ് മാര്‍ക്ക് ചുവന്ന ഹൂഡി തല വഴി എടുത്തിട്ട്.. ബെര്‍ലിക്കിട്ടു കൊടുത്ത പണി ഓര്‍ത്തു ഒറക്കെ ഉറക്കെ ഒന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് തന്റെ കഞ്ചന്‍ ലേഹ്യത്തിന്റെ ഡപ്പി കയ്യിലെടുത്തു.. അപ്പോഴേക്കും ആരാട ഒച്ച ഉണ്ടാക്കുന്നേ എന്നും ചോദിച്ചു ഷാപ്പില് നിന്നും കുഞ്ഞാപ്പന്‍ ചേട്ടന് പുറത്തേക്കു വന്നു. കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ ആളെ കണ്ടു.."ആ കുഞ്ഞായിരുന്നോ?" എന്നും പറഞ്ഞു പുറത്തേക്കു ആടി ആടി പുറത്തേക്കു നടന്നപ്പോള്‍ പുള്ളി ഉറക്കെ ആത്മഗതം ചെയ്യുന്നുണ്ടാരുന്നു..
"മുത്തനാനിക്കല് ചന്ദ്രന് മകന് കുഞ്ഞാപ്പനാ പറയുന്നേ.. മനുഷ്യന് മനുഷ്യനായിരിക്കണം...."