കൊച്ചി നഗരത്തിലൂടെ തേരാ പാരാ നടന്നപ്പോ " പലതും" കണ്ടപ്പോള്‍ , പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ...ഹൊ !!! എന്തൊക്കെ കാണണം .... എന്ന്. ഇപ്പൊ തോന്നുന്നു അന്ന് പറഞ്ഞതൊക്കെ വെറുതെ ആയിരുന്നു എന്ന്. പറയുവാണെങ്കില്‍ അത് ഇപ്പോള്‍ ആണ് പറയേണ്ടത്... അല്ല ...പറഞ്ഞു പോകും. ആരാണ്ട് അതിലെ പോയപ്പോള്‍ , ഓസ്ട്രലിയായിലേക്ക് ആണോ എന്നാല്‍ ഞാനും ഉണ്ട് എന്നും പറഞ്ഞു പുറകെ ഇറങ്ങിയതാണ്. മറ്റു ചില ഉദ്ദേശങ്ങളും കൂടെ മനസ്സില്‍ ഉണ്ടാരുന്നു കേട്ടോ. എല്ലാം കേട്ടിട്ടല്ലേ ഉള്ളു. ഒന്നു കണ്ടു കളയാം, പറ്റിയാല്‍ "ഒന്നു കൂടെ കണ്ടും" കളയാം.
ആദ്യമായി വിമ്മാനത്തെല് കേറുന്നതിന്റെ ഒരു പരുംമല് ഓക്കേ ഉണ്ടാരുന്നെന്കിലും കാണാന്‍ പോകുന്ന പൂരത്തിന്റെ ചിത്രം മനസില്‍ ഒത്തിരി ഉണ്ടാരുന്നതുകൊണ്ട് ഞാന്‍ ഒന്നും അറിഞ്ഞില്ല. താഴെ കിടന്ന നെടുംപാശ്ശേരിയെ ഉപേക്ഷിച്ചു സില്‍ക്ക് എയര്‍ പോങ്ങിയപ്പോലും നഷ്ടപെടുന്ന സുഖമുള്ള സന്തോഷങ്ങലെക്കാള് മനസ്സില്‍ ഓടി എത്തിയത് ഇറങ്ങാന്‍ പോകുന്ന സുന്ദര ഭൂമിയെ പറ്റിയുള്ള സ്വപ്നങ്ങള്‍ ആയിരുന്നു. വിമ്മാനം എന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ നേരത്തെ കേട്ടിട്ടേ ഉള്ളു. അതുകൊണ്ട് കേറിയ പാടെ ചുറ്റുപാടും ഒന്നു വീക്ഷിച്ചു , എന്റെ നമ്പര്‍ ഉള്ള കസേരയില്‍ പോയി ഇരുന്നു. നമ്മുടെ ബാഗ്ലൂര് എയര്‍ ബസിന്റെ സീറ്റെല്‍ ഇരിക്കുന്ന സുഖം ഒന്നും ഇല്ലല്ലോടാ എന്ന് കൂടെ ഉള്ള കുശവനോടു ഒരു കമന്റും പറഞ്ഞിരുന്നപ്പോള്‍ , തീരെ ഇറക്കം കുറഞ്ഞ ഒരു പാവാട ഉടുത്ത ഒരു പെന്കൊച്ചു അടുത്ത് വന്നിട്ട് ഏതാണ്ടൊക്കെ പറഞ്ഞു. മനസിലായ അറ്റവും മുറിയും ഒക്കെ ചേര്‍ത്തു വായിച്ചപ്പോള്‍ ആണ് കാര്യം ഏതാണ്ടൊക്കെ പിടികിട്ടിയത്. ഞങ്ങള്‍ ഇരിക്കുന്നത് അടിയന്തിര ബഹിര്‍ഗമന വതായനതിന്റെ അരികിലാണ്. അത് എങ്ങനെ ഉപയോഗിക്കണം എന്നാണ് പുള്ളിക്കാരി പറഞ്ഞു തന്നത്. അതാണ് പറഞ്ഞതു എന്നല്ലാതെ എന്താണ് പറഞ്ഞതു എന്നത് സത്യമായും എനിക്കോ എന്റെ കൂടെ വന്നവനോ മനസിലായില്ല.
ഇരുന്നു മടുത്തപ്പോള്‍ ചുറ്റും തപ്പിയപ്പോ അടുത്ത് കുറെ പുസ്തകങ്ങള്‍ ഓക്കേ വെചെക്കുന്നത് കണ്ടു. വല്ല ബാലരമയും ഉണ്ടെങ്കില്‍ സമയം കളയാമല്ലോ എന്നോര്‍ത്ത് അതെടുത്ത് വായിച്ചപ്പോളാണ് ആ പെന്കൊച്ചു പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഓക്കേ ആണ് എഴുതി വച്ചേക്കുന്നത്. അതില്‍ പറഞ്ഞെക്കുന്ന കാര്യങ്ങള്‍ ഒകെ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് എന്നോട് ഒരു ബഹുമാനം ഒകെ തോന്നി. ചെറുപ്പക്കാരും , നല്ല ആരോഗ്യം ഉള്ളവരും, കുഞ്ഞു കുട്ടി പരാധീനങ്ങള്‍ ഒന്നും കൂടെ ഇല്ലാത്തവരും ഓക്കേ ആവണം അത്രെ ആ സീറ്റില്‍ ഇരിക്കേണ്ടത്. അതൊക്കെ ഓര്‍ത്തു ഒന്നു കുടി ഞെളിഞ്ഞു ചാരി ഇരിക്കാന്‍ നോക്കിയപ്പോളാണ് കെണി മനസിലായത്. ആ സീറ്റ് ഒന്നു പുറകോട്ടു ചായിക്കാന്‍ പോലും പറ്റില്ല. രാത്രി മുഴുവനും ഒരു മാതിരി ചിക്കന്‍ ഗുനിയടെ കാലത്തു ആശുപത്രീടെ ബഞ്ചേല്‍ ഇരുന്നു നേരം വെളുപ്പിച്ചത് പോലെ വെളുപ്പിനെ വരെ കുത്തി ഇരുന്നു നേരം വെളുപ്പിച്ചു. ഓക്കേ സഹിക്കാം, മുന്‍പിലും പുറകിലും ഉള്ളവര്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നതു കാണുന്നതാണ് വയ്യാത്തത്. അതിന്റെ ദേഷ്യം മുഴുവനും ആ ചേച്ചിമാര് ഇടയ്ക്ക് ഇടയ്ക്ക് കൊണ്ടു വന്നു തന്ന ഭക്ഷണത്തോടാണ് തീര്‍ത്തത്.
അങ്ങനെ ഞങ്ങള്‍ നേരം പര പര വെളുത്തപ്പോലെക്കും singapore ലാന്‍ഡ് ചെയ്തു. തലേന്നത്തെ ദേഷ്യം തീര്‍ത്തത് മുഴുവനും വയറ്റില്‍ ഉണ്ടാരുന്ന്നത് കൊണ്ടാവും പ്രകൃതി നേരത്തെ വിളിച്ചു. പേപ്പര്‍ വച്ചുള്ള അഭ്യാസം അറിയാന്‍ പാടില്ലാത്തതിനാലും അവിടുത്തെ ഭാഷയില്‍ ഉള്ള വിളി ആയതിന്നാലും മനഃപൂര്‍വ്വം അതിനെ അവഗണിച്ചു. കുറെ നേരം കേള്‍ക്കാത്ത മട്ടില്‍ ഇരുന്നപ്പോ പ്രകൃതി മടുത്തിട്ട് വിളി നിര്‍ത്തി സ്ഥലം വിട്ടു. ഒരു എമണ്ടന്‍ എയര്‍പോര്‍ട്ട് !!! മൊത്തം നടന്നു കാണണമെങ്കില്‍ തന്നെ ഒരു ദിവസം എടുക്കും. രാത്രി മുഴുവനും "ഇരുന്നു" ഉറങ്ങിയതിന്റെ ക്ഷീണം മുഴുവനും അവിടെ പള്ളിക്കുടം വിട്ടു വരുന്ന പിള്ളേരെ പോലെ അതിലെ നിരന്നു നടക്കുന്ന എയര്ഹോസ്റ്റ്സ്സുമാരുടെ ചോര കുടിച്ചു മാറ്റി . അന്നേരം കുടിച്ചത് പോരാഞ്ഞിട്ട് പിന്നെ ഓര്‍ക്കുമ്പോ കുടിക്കാന്‍ കുറെ ചോര ബാഗിലും ശേഖരിച്ചു. മുന്‍പത്തെ ദുരന്തം മനസില്‍ ഉണ്ടാരുന്നത് കൊണ്ടു അവിടുന്ന് വീണ്ടും കേറാന്‍ നേരം മസില് ഓക്കേ വിട്ടു ജാക്കറ്റ് ഓക്കേ ഊരി കയില് പിടിച്ചു ഒന്നു കുടി വളഞ്ഞു നടന്നു. ഇനി എങ്ങാനും നമ്മുടെ ആരോഗ്യം കണ്ടിട്ട് വാതലിനു കാവലു പണി വീണ്ടും കിട്ടിയാലോ ?
അവിടുന്ന് കേറിയ വിമ്മാനം ആണ് വിമ്മാനം. മേളിലും താഴേം നിലകളും ഓരോ നിലയിലും മൂന്നു വരികളിലായി എട്ടു സീറ്റുകളും അങ്ങനെ ഒരു മുട്ടന്‍ വിമാനം. നടുക്കത്തെ നാള് സീറ്റിലെ രണ്ടു സീറ്റിലായി ഞാനും അവനും ഇരുന്നു. ദുരന്തം ഒഴിവായ ആശ്വാസത്തിലും ചുറ്റിലും മദാമ്മമാരെ കണ്ട സന്തോഷത്തിലും എല്ലാം ഒന്നു ആസ്വദിക്കാന്‍ തയ്യാറായി സീറ്റ് ഓക്കേ പുറകോട്ടു ചായിച്ചു ഒന്നു കിടന്നത് മാത്രം ഓര്‍മ്മ ഉണ്ട്. പിന്നെ കുറെ നേരത്തേക്ക് ഒരു ഓര്‍മ്മയും ഉണ്ടാരുന്നില്ല. ഫുഡ് കൊണ്ടു വന്ന കൊച്ചു വിളിച്ചപ്പോളാണ് വീണ്ടും ബോധം വന്നത്. കൃത്യസമയത്ത് തന്നെ ബോധം വന്നത് കൊണ്ടു ഫുഡ് പാഴായില്ല.
വിശേഷങ്ങള്‍ തീര്‍ന്നിട്ടില്ല ...... ശേഷം അടുത്ത ലക്കത്തില്‍.....